ബലാത്സംഗക്കേസുകളിലെ കന്യകാത്വ പരിശോധന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി

ബലാത്സംഗക്കേസുകളിലെ അശാസ്ത്രീയ പരിശോധനകൾക്കെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇരകളിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. തെലങ്കാനയിൽനിന്നുള്ള ബലാത്സംഗക്കേസിൽ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഇത്തരം പരിശോധനകൾ പീഡനത്തിനിരയായ സ്ത്രീയെ വീണ്ടും ഇരയാക്കി മാറ്റുന്നതാണ്. ഇത് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതിജീവിതയുടെ ലൈംഗിക പശ്ചാത്തലം കേസിൽ പ്രസക്തമല്ലെന്നു കോടതി വ്യക്തമാക്കി. ഇത്തരം പരിശോധന പുരുഷാധിപത്യ മനഃസ്ഥിതിയിൽനിന്ന് ഉണ്ടാകുന്നതാണ്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ഇത്തരം കാര്യങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര − സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി കർശന നിർദേശം നൽകി.
മെഡിക്കൽ കോളേജിലെ പാഠ്യപദ്ധതിയിൽനിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
wetet