തമിഴ്‌നാട്ടിൽ ഓണ്‍ലൈൻ ചൂതാട്ട നിരോധന നിയമം പ്രാബല്യത്തിൽ

തമിഴ്‌നാട്ടിൽ ഓൺലൈന്‍ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ. രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈന്‍ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്‌നാട്ടിൽ നിയമവിരുദ്ധമായി. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.
ഇനി മുതൽ ഓണ്‍ലൈനിൽ ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും നിയമത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് ഗേറ്റ് വേകളും ഓണ്‍ലൈന്‍ ചൂതാട്ട, ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിർദേശമുണ്ട്.
ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്‌നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തെപ്പറ്റി ആലോചിച്ചത്.
തമിഴ്‌നാട് സർക്കാർ പാസാക്കിയ ബില്ലുകളിന്മേൽ ഒപ്പിടാതെ ഗവർണർ ആർ.എന്‍. രവി മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഈ ബില്ലിൽ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്.
ഓൺലൈൻ റമ്മി അടക്കമുള്ള ചൂതാട്ടങ്ങൾക്കെതിരെ പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയാണ് ചട്ടക്കൂട് തയാറാക്കിയത്.
ജൂൺ 27ന് സമിതി സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കി കരട് ഓർഡിനൻസ് തയാറാക്കിയിരുന്നു. നിയമവകുപ്പിന്റെ ഉപദേശം കൂടി പരിഗണിച്ച് പരിഷ്‌കരിച്ച ഓർഡിനൻസ് സെപ്റ്റംബർ 26ന് മന്ത്രിസഭായോഗം ചേർന്ന് അംഗീകരിക്കുകയായിരുന്നു.
cxkjvk