തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പൗരന്റെ അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വിശ്വനാഥ് പ്രതാപ് സിംഗ് എന്നയാളുടെ ഹർജി തളളികൊണ്ടായിരുന്നു നിരീക്ഷണം. കഴിഞ്ഞ മേയ് 12ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് വിശ്വനാഥ് പ്രതാപ് സിംഗ് ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പിന്താങ്ങാൻ ആരുമില്ലാതിരുന്നതിനാൽ പത്രിക സ്വീകരിക്കാതിരുന്നതോടെ തന്റെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടതായി ഹർജിക്കാരൻ വാദിച്ചു.
ഹർജിക്കാരന്റെ വാദങ്ങൾ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമോ പൊതു നിയമമോ അല്ലെന്ന് വ്യക്തമാക്കിയ കോടതി അത് ഒരു ചട്ടം നൽകുന്ന അവകാശമാണെന്ന് വ്യക്തമാക്കി. പാർലമെന്റ് നിർമ്മിച്ച നിയമമനുസരിച്ച് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹർജിക്കാരന് അവകാശമില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനകം പരാതിക്കാരൻ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
zfgxzd