ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ; ജയ്പൂരിൽ മാറിപ്പോയ കുഞ്ഞുങ്ങളെ അമ്മമാർക്ക് ലഭിച്ചത് ജനിച്ച് 10 ദിവസത്തിന് ശേഷം

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം നവജാത ശിശുക്കൾ മാറിപ്പോയി. ജയ്പൂരിലെ മഹിളാ ചികിത്സാലയത്തിലായിരുന്നു സംഭവം. ജനിച്ച് പത്ത് ദിവസത്തിന് ശേഷമാണ് നിഷയെന്നും രേഷ്മയെന്നും പേരുള്ള അമ്മമാർക്ക് മക്കളെ തിരികെ ലഭിച്ചത്. സെപ്റ്റംബർ ഒന്നിന് ജനിച്ച ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാരുടെ അശ്രദ്ധമൂലം മാറിപ്പോയത്. രേഷ്മയ്ക്കുണ്ടായ പെൺകുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആൺകുഞ്ഞിനെ രേഷ്മയ്ക്കും നൽകി. തിയറ്ററിന് പുറത്തു കാത്തുനിന്ന ബന്ധുക്കളെയും കുഞ്ഞിനെ കാണിച്ചു. പതിവ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ജീവനക്കാർക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. തുടർന്ന് ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിന്റെ മഞ്ഞനിറം മാറാനായി ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മമാരിൽ നിന്ന് കുഞ്ഞിനെ തിരികെ വാങ്ങിയത്. ഡിഎൻഎ പരിശോധനാ ഫലം വന്നതിന് ശേഷമാണ് കുഞ്ഞുങ്ങളെ യഥാർത്ഥ അമ്മമാർക്ക് തിരികെ നൽകിയത്. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയ്‌ക്കെതിരെ ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
cfj