ഉദ്ധവ് താക്കറെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന


ശിവസേനാ ബാലസാഹെബ് താക്കറെ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത നേതാവായ ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും പാര്‍ട്ടിയുടെ ചിഹ്നം ഉള്‍പ്പെടെ ആവശ്യപ്പെട്ട് ശിവസേനയുടെ ഔദ്യോഗിക പക്ഷമായി മാറാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് നീക്കം.

ശിവസേനയ്ക്ക് അവസാനമുണ്ടാകില്ലെന്ന് താക്കറെ പറഞ്ഞു. വിമത പക്ഷത്തേയ്ക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം. താന്‍ പുതിയൊരു ശിവസേന രൂപീകരിക്കുമെന്നും താക്കറെ പറഞ്ഞു.

വിമത എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചെന്ന ഷിന്‍ഡെയുടെ വാദവും താക്കറെ നിഷേധിച്ചു. അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും തുടര്‍ന്നും സുരക്ഷയൊരുക്കുമെന്നും താക്കറെ അറിയിച്ചു. ശിവസേനാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രതികാരനടപടിയായാണ് താക്കറെ സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതെന്ന് ഷിന്‍ഡെ നേരത്തെ ആരോപിച്ചിരുന്നു.

വിമത എംഎല്‍എമാരുടെ ഓഫീസുകള്‍ക്കുനേരെ മഹാരാഷ്ട്രയില്‍ ആക്രമണം തുടരുകയാണ്. ഷിന്‍ഡെയുടെ തട്ടകമായ താനെയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാജി വക്കാതെ വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് താക്കറെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നു. യോഗത്തില്‍ വച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനമെടുത്തതായാണ് സൂചന. പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി താക്കറെ വെള്ളിയാഴ്ച ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗം വിളിച്ചിരുന്നു.

ഷിന്‍ഡെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിമത എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ താമസിക്കുന്ന ഗോഹട്ടിയിലെ റിസോര്‍ട്ടില്‍ വച്ചാണ് യോഗം. യോഗത്തില്‍ വിമത വിഭാഗത്തിന്‍റെ വക്താവായി ഒരാളെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

ഷിന്‍ഡെ ഉള്‍പ്പെടെ പതിനാറ് വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ ഡപ്യൂട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. 16 പേരെ അയോഗ്യരാക്കിയാല്‍ കേവല ഭൂരിപക്ഷം 145 ല്‍ നിന്ന് 136 ആകും. സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും പിന്തുണയും, വിമതരില്‍ ചിലരുടെ പിന്തുണയും കൂടി ലഭിച്ചാല്‍ കേവലഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താക്കറെ പക്ഷം.

You might also like

Most Viewed