ഉത്തരാഖണ്ഡും ഗോവയും നാളെ പോളിംങ് ബൂത്തിലേക്ക്; പ്രതീക്ഷയർപ്പിച്ച് മുന്നണികൾ


ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും ജനങ്ങൾ നാളെ വിധിയെഴുതും. വിലക്കയറ്റവും കർഷക പ്രശ്നങ്ങളും ആയുധമാക്കിയാണ് കോൺഗ്രസും ആം ആദ്മിയും ഇവിടെ വോട്ട് ചോദിക്കുന്നത്. എന്നാൽ ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ബിജെപി. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ടു ചോദിക്കുന്നത്.


നാളെ ഗോവ പോളിംങ് ബൂത്തിൽ എത്തുമ്പോൾ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് സൂചനകള്‍. ഇരുപാര്‍ട്ടികളും തമ്മില്‍ വോട്ടിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. അതേ സമയം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും വോട്ടുകൾ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി.ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങൾ പോളിങ് ജനവിധി തേടുമ്പോൾ ബിജെപിക്കും കോണ്‍ഗ്രസിനുമിത് ജീവന്‍ മരണ പോരാട്ടംതന്നെയാണ്. ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിമാര്‍ ജയിക്കുന്ന പതിവും ഇതുവരെ സംസ്ഥാനത്തുണ്ടായിട്ടില്ല എന്നുള്ളതാണ് ഉത്തരാഖണ്ഡിന്റെ പ്രത്യേകത. 2017 ൽ 57 സീറ്റ് നേടി അധികാരത്തിലേറിയ ബിജെപി ഭരണതുടര്‍ച്ച തന്നെയാണ് ലക്ഷ്യമിടുന്നത്.


ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട തെരഞ്ഞെടുപ്പും നാളെയാണ്. യുപിയിൽ 9 ജില്ലകളിലെ 55 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് മുന്നണികൾ. തെരഞ്ഞടുപ്പ് നടക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആം ആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കളാണ് പ്രചാരണം നയിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും വാശിയോറിയ പ്രചാരണം തന്നെയാണ് സംസ്ഥാനങ്ങളിൽ മുന്നണികൾ കാഴ്ച്ചവച്ചത്.

You might also like

Most Viewed