വധശ്രമം: ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ


ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദിൻ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. വ്യാഴാഴ്ച ഒവൈസി സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിവയ്പ്പുണ്ടായിരുന്നു. തുടർന്ന് നടത്തിയ അവലോകന യോഗത്തിലാണ് കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.  ഉത്തർപ്രദേശിലെ മീററ്റിൽനിന്നും ഡൽഹിക്കു മടങ്ങുന്പോളാണ്‌ ഒവൈസിയുടെ കാറിനു നേരെ അജ്ഞാതർ വെടിയുതിർത്തത്. 

ആക്രമണത്തിൽ കാറിന്‍റെ ടയറുകൾ പൊട്ടി. എന്നാൽ ആർക്കും പരിക്കില്ല.  ഡൽഹി−മീററ്റ് എക്സ്പ്രസ് വേയിൽ ഗൗതംബുദ്ധനഗറിലെ ചിജാർസി ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു ആക്രമണം ഉണ്ടായത്. അക്രമികൾ കാറിനു നേരെ നാല് തവണ വെടിയുതിർത്തു. അക്രമികൾ മൂന്നോ നാലോ പേരുണ്ടായിരുന്നതായി ഒവൈസി പറഞ്ഞു. അതേസമയം, സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. നോയിഡ സ്വദേശി സച്ചിൻ, സഹരൻപുർ സ്വദേശി ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും പോലീസ് പിസ്റ്റൾ പിടിച്ചെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed