യുപി തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്ന് തിര. കമ്മീഷൻ


ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന സൂചന നൽകി തെര. കമ്മീഷൻ. യുപി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റരുതെന്ന് എല്ലാ രാഷ്ട്രിയ പാർ‍ട്ടികളും ആവശ്യപ്പെട്ടുവെന്നും കോവിഡ് പ്രോട്ടോക്കോൾ‍ പാലിച്ച് കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് പൂർ‍ത്തിയാക്കണമെന്നതാണ് പാർ‍ട്ടികളുടെ നിലപാടെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ‍ സുശീൽ‍ ചന്ദ്ര പറഞ്ഞു. 

ഒമിക്രോൺ കേസുകൾ‍ വർ‍ധിക്കുന്ന സാഹചര്യത്തിൽ‍ യുപി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് റാലികൾ‍ നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർ‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെര. കമ്മീഷൻ അംഗങ്ങൾ‍ യുപി സന്ദർ‍ശിച്ചത്. വിവിധ രാഷ്ട്രിയപാർട്ടികളുടെ പ്രതിനിധികളെ കണ്ടാണ് തെര.കമ്മീഷൻ വിലയിരുത്തൽ നടത്തിയത്. കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തോടൊപ്പം റാലികൾ‍ ഉൾ‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികൾ‍ പലതിലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നുണ്ടെന്ന് പാർ‍ട്ടികൾ‍ ചൂണ്ടിക്കാട്ടിയെന്നും സുശീൽ‍ ചന്ദ്ര പറഞ്ഞു. ഇവയ്ക്ക് നിയന്ത്രണം വേണമെന്ന് അവർ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടുമെന്നും അകലം ഉറപ്പാക്കാൻ 11,000 ബൂത്തുകൾ കൂടി പുതുതായി ചേർക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻനിര പ്രവർത്തകർ രണ്ട് ഡോസ് വാക്സിനും നേടിയെന്ന് ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 50 ശതമാനം പൂർണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇതുവരെ നാല് ഒമൈക്രോൺ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും യുപി ഉദ്യോഗസ്ഥർ അറിയിച്ചതായും കമ്മീഷൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed