തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു


ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് വടക്കൻ തമിഴ്നാട് തീരം തൊടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രാവിലെ തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്.

നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ചില റോഡുകൾ അടച്ചു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ റദ്ദാക്കി. സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. മഴ ഉച്ചക്ക് വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേന രംഗത്തുണ്ട്. കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ പന്ത്രണ്ടോളം പേരാണ് മരിച്ചത്. നിരവധി വീടുകൾ തകർന്നു.വ്യാപകമായ കൃഷിനാശവും ഉണ്ടായി.

2015ന് ശേഷം തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് ഇത്. കാറുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിനടന്ന ഭീകര ദൃശ്യങ്ങൾ ഇന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ മറന്നിട്ടില്ല. അന്നത്തെ പോലെ ഇത്തവണയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ മരങ്ങൾ വേരോടെ മറിഞ്ഞുവീണു.

You might also like

Most Viewed