കൊറോണ മുക്തനായ യുവാവിന് ഗ്രീൻ ഫംഗസ്
ഭോപ്പാൽ: കൊറോണ മുക്തനായ യുവാവിന് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ 34കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഗ്രീൻ ഫംഗസ് ബാധയാണിതെന്ന് ജില്ലാ ഹെൽത്ത് മാനേജർ അപൂർവ തിവാരി പറഞ്ഞു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി.
എയർ ലിഫ്റ്റിംഗ് വഴിയാണ് യുവാവിനെ മുബൈയിലെത്തിച്ചത്. കൊറോണ ബാധിതനായ യുവാവ് രോഗമുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു യുവാവ്.
ബ്ലാക്ക് ഫംഗസിന് സമാനമായി കൊറോണ ബാധിതരിൽ അല്ലെങ്കിൽ രോഗമുക്തി നേടിയവരിൽ കാണപ്പെടുത്ത രോഗമാണ് ഗ്രീൻ ഫംഗസ്. ആസ്പഗുലിസിസ് (aspergillosis) എന്നാണ് ശാസ്ത്രീയ നാമം. മൂക്കിൽ നിന്നും രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇൻഡോറിലെ രോഗിയിൽ കണ്ടെത്തിയ ലക്ഷണങ്ങൾ.
ഗ്രീൻ ഫംഗസ് ആസ്‌പെർഗിലോസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവ്വയിനം അണുബാധയാണ് ആസ്‌പെർഗിലോസിസ്.
