ഇന്ത്യയിൽ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ


ന്യൂഡൽഹി: രാജ്യം മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചുള്ള കരട് പദ്ധതി കേന്ദ്ര ഊർജ്ജ മന്ത്രാലയം തയ്യാറാക്കി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാമെന്ന് ആവശ്യപ്പെട്ട് പദ്ധതി രേഖ കൈമാറിയിട്ടുണ്ട്. നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുതി വില കുറയുമെന്ന് മന്ത്രാലയം അറിയിച്ചു. ‘ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു ഫ്രീക്വൻസി’ക്ക് ശേഷമാണ് ഒരേ വൈദ്യുത വിലയിലേക്ക് മാറാനും രാജ്യം ഒരുങ്ങുന്നത്.

വൈദ്യുതി യൂണിറ്റിന് ശരാശരി മൂന്ന് രൂപയാണ് വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് ഏകദേശം ആറ് രൂപ വരെ നൽകേണ്ടി വരും. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുന്പോൾ യൂണിറ്റിന് 6.5 രൂപയാണ് ചെലവ്. എന്നാൽ പുതിയ സംവിധാനം വരുന്പോൾ ഒരു യൂണിറ്റിന് എകദേശം ഒരു രൂപയെങ്കിലും കുറവ് വരുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത് വൈദ്യുത ഉത്പാദക കന്പനികളിൽ നിന്നും വാങ്ങുന്ന വൈദ്യതുതിയുടേയും അതത് സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടേയും ചെലവ് കണക്കാക്കിയാണ്. രാജ്യം മുഴുവൻ ഒരേ വില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിയ്ക്ക് ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടി വരും. ഇക്കാര്യങ്ങളിൽ ഉൾപ്പെടെയുള്ള അഭിപ്രായമാണ് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആരാഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed