രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച ഡൽഹി സർക്കാർ

ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമായിരിക്കെ ഡൽഹിയിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേജരിവാൾ സർക്കാർ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ നൽകാനാണ് തീരുമാനം. കൊറോണ പ്രതിരോധത്തിൽ പൂർണമായി പരാജയപ്പെട്ട സംസ്ഥാന സർക്കാർ ഈ വീഴ്ച മറയ്ക്കാനുളള തന്ത്രമായിട്ടാണ് സൗജന്യറേഷൻ പ്രഖ്യാപിച്ചത്.
കൊറോണക്കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ ബലത്തിലാണ് കേരളത്തിൽ പിണറായി സർക്കാർ തുടർഭരണം പിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ തന്ത്രവുമായി കെജ് രിവാൾ രംഗത്തെത്തിയത്. വാർത്താസമ്മേളനത്തിലാണ് സൗജന്യ റേഷന്റെ കാര്യം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഡൽഹിയിലെ 72 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് കേജരിവാൾ പറഞ്ഞു. എന്നാൽ ലോക്ഡൗൺ രണ്ട് മാസം തുടരുമെന്നല്ല ഇതിന്റെ അർത്ഥമെന്നും കേജരിവാൾ വിശദീകരിച്ചു.
സാന്പത്തിക പ്രതിസന്ധിയിൽ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കേജരിവാൾ പറഞ്ഞു. ഇതിന് പുറമേ ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് 5000 രൂപയുടെ സാന്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് പാവങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനം.