കോവിഡ് പ്രതിരോധ സാമഗ്രികളുമായി അമേരിക്കൻ വിമാനം ഇന്ത്യയിലെത്തി

ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിനായുള്ള ഓക്‌സിജൻ സിലിണ്ടറുകളും, മറ്റ് സാമഗ്രികളുമായുള്ള അമേരിക്കയുടെ വിമാനം ഇന്ത്യയിലെത്തി. പുലർച്ചെയോടെയാണ് അമേരിക്കയുടെ സൂപ്പർ ഗാലക്‌സി മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.
400 ഓക്‌സിജൻ സിലിണ്ടറുകൾ, ആശുപത്രി ഉപകരണങ്ങൾ, പത്ത് ലക്ഷം പരിശോധനാ കിറ്റുകൾ എന്നിവയാണ് ഇന്ത്യയിൽ എത്തിയത്. കൂടുതൽ സാമഗ്രികളുമായുള്ള രണ്ടാമത്തെ വിമാനം അടുത്ത വെള്ളിയാഴ്ച രാജ്യത്തെത്തും. കഴിഞ്ഞ 70 വർഷമായി തുടരുന്ന ദൃഢബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഉള്ളതെന്ന് ഇന്ത്യയിലെ അമേരിക്കൻ എംബസി ട്വിറ്ററിൽ കുറിച്ചു.
കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം അതി രൂക്ഷമായ ഇന്ത്യയെ സഹായിക്കാൻ 40ഓളം ലോക രാജ്യങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണയുടെ ആദ്യ തരംഗത്തിൽ മരുന്നും, പ്രതിരോധ സാമഗ്രികളും ഉൾപ്പെടെ നൽകി അമേരിക്കയെയും മറ്റ് ലോക രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിരുന്നു.