ഛായാഗ്രാഹകൻ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തേന്മാവിൻ കൊന്പത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനായി രംഗത്തെത്തിയത്. മിന്നാരം, തേന്മാവിൻ കൊന്പത്ത് തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്നു. തേന്മാവിൻ കൊന്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. പിന്നീട് ശങ്കറിന്റെ കൂടെ മുതൽവൻ, ബോയ്സ്, ശിവാജി എന്നിങ്ങനെയുള്ള വന്പൻ ഹിറ്റുകളിൽ പങ്കാളിയായി. മലയാളവും തമിഴും കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2005ൽ കനാ കണ്ടേൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ വേഷമണിഞ്ഞത്. അയൺ, കോ, മാട്രാൻ, കാവൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാൽ, സൂര്യ എന്നിവരൊന്നിച്ച കാപ്പാൻ ആണ് അവസാന ചിത്രം.