സമൂഹ മാധ്യമം വഴിയുള്ള സൗഹൃദം; 60കാരിക്ക് നഷ്ടമായത് 3.98 കോടി രൂപ


മുംബൈ: മഹാരാഷ്ട്രയിൽ സമൂഹമാധ്യമം വഴി വൻ തട്ടിപ്പ്. സ്വകാര്യ സ്ഥാപനത്തിലെ സീനിയർ എക്സിക്യൂട്ടീവിന് നഷ്ടമായത് 3.98 കോടി രൂപ. 60 കാരിയായ ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി 207 തവണകളായാണ് പണം തട്ടിയെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്.

ഏപ്രിൽ 2020ന് സോഷ്യൽ മീഡിയയിൽ സ്ത്രീക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അഞ്ച് മാസത്തോളം എടുത്ത് പരസ്പരം സംസാരിക്കുകയും സൗഹൃദം ഉറപ്പിക്കുകയും ചെയ്ത ശേഷം പിറന്നാൾ സമ്മാനമായി ഒരു ഐഫോൺ അയക്കുന്നതായി അറിയിച്ചു. സെപ്റ്റംബറിൽ സമ്മാനത്തിന്റെ കസ്റ്റംസ് ക്ലിയറൻസിന് ഡൽഹിയിൽ പണം നൽകണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട് വൻ തുക കൈപ്പറ്റി.

പലതവണയായി കൊറിയ‍ർ ഏജൻസിയിൽ നിന്നാണെന്നും കസ്റ്റം ഉദ്യോഗസ്ഥരാണെന്നുമെല്ലാം വ്യാജ വിവരം നൽകി പണം തട്ടിയെടുത്തു. തുടർന്ന് ബ്രിട്ടനിൽ നിന്ന് എത്തിയ പാർസലിൽ ആഭരണങ്ങളും വിദേശ കറൻസിയുമുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയിരുന്നത്.

2020 സെപ്റ്റംബർ ആയതോടെ സ്ത്രീക്ക് 3,98,75,500 രൂപ നഷ്ടമായി. ഇതോടെ ഇവർ സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed