ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിനെത്തിക്കുന്ന പുതിയ രീതി: പരീക്ഷിക്കാൻ ഐസിഎംആർ


ന്യൂഡൽഹി: ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ വിതരണത്തെക്കുറിച്ചുള്ള പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) അനുമതി. ഐഐടി കാൺപൂരുമായി സഹകരിച്ചാണ് ഐസിഎംആർ സാധ്യതാ പഠനം നടത്തുന്നത്. വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമാണ് (ഡിജിസിഎ) ഇളവുകളോടെ അനുമതി നൽകിയിരിക്കുന്നത്. ഒരു വർഷത്തേയ്ക്കാണ് അനുമതി.

ഇത് കൂടാതെ മറ്റ് സ്ഥാപനങ്ങൾക്കും ഒരു വർഷത്തേയ്ക്ക് ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ജിഐഎസ് അടിസ്ഥാനമായുള്ള പ്രോപ്പർട്ടി ഡാറ്റാ ബേസും ഇലക്ട്രോണിക് ടാക്‌സ് രജിസ്റ്ററും തയ്യാറാക്കുന്നതിനായി ഡെറാഡൂൺ, ഹൽദ്വാനി, ഹരിദ്വാർ, രുദ്രാപൂർ എന്നിവിടങ്ങളിലെ നഗർ നിഗം എന്ന സ്ഥാപനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.

വെസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഡ്രോൺ ഉപയോഗക്കാൻ അനുമതി ലഭിച്ച മറ്റൊരു സ്ഥാപനം. സുരക്ഷ മെച്ചപ്പെടുത്താനും അപകടസാധ്യത കുറയ്ക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിനുമായാണ് അനുമതി നൽകിയിരിക്കുന്നത്. പരിശോധനയ്ക്കും മാപ്പിംഗ് നടത്തുന്നതിനുമായും വേദാന്ത ലിമിറ്റഡിനും ഡ്രോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എല്ലാ നിബന്ധനകളും പാലിച്ചാൽ മാത്രമെ ഈ സ്ഥാപനങ്ങൾക്ക് ഉപയോഗ അനുമതി ലഭിക്കു.

You might also like

Most Viewed