കോവിഡ് വ്യാപനം: കുംഭമേള നിർത്തിവയ്ക്കുന്നതായി ജുന അഖാഡ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് കുംഭമേള നിർത്തിവയ്ക്കുന്നതായി ജുന അഖാഡ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കുന്ന പ്രധാന സന്യാസി സമൂഹമാണ് ജുന അഖാഡ. പ്രതീകാത്മകമായി മാത്രം കുംഭമേള നടത്തിയാൽ മതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് ജുന അഖാഡ തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നു ജുന അഖാഡ മുഖ്യ പൂജാരി സ്വാമി അവദേശാനന്ദ് പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുംഭമേളയിലെ പൂജകൾ ജുന അഖാഡ അവസാനിപ്പിക്കുകയാണെന്ന് സ്വാമി അവദേശാനന്ദ് ട്വിറ്ററിൽ കുറിച്ചു. ഒരു മാസം നീളുന്ന കുംഭമേളയിൽ നഗ്ന സന്യാസിമാർ അടക്കം 14 ലക്ഷം പേർ പങ്കെടുക്കാറുണ്ട്.

