കമലാ ഹാരിസിന് നേരെ വധഭീഷണി; നഴ്സ് അറസ്റ്റിൽ
ഫ്ളോറിഡ: യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ. ഫ്ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്സി(39)നെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിവിയാനെ, കമലാ ഹാരിസിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്ളോറിഡ ജില്ലാ കോടതിയിൽ ലഭിച്ച പരാതിയിൽ പറയുന്നു. നിവിയാനെ ഭീഷണി സന്ദേശം ജയിലിൽ കഴിയുന്ന ഭർത്താവിന് ജെപേ ആപ്ലിക്കേഷൻ വഴി അയച്ചു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോയിൽ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനും നേരെ വിദ്വേഷമുയർത്തി സംസാരിച്ചുവെന്നും പരാതിയിലുണ്ട്.
അതേസമയം, നിവിയാനെ തോക്കുമായി നിൽക്കുന്ന ചിത്രം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തോക്ക് ഉപയോഗിക്കാനുള്ള പെർമിറ്റിനായി ഫെബ്രുവരിയിൽ നിവിയാനെ അപേക്ഷ നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ കഴിയുന്ന തടവുകാർക്ക് കുടുംബവുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ജേപേ.

