വിവാദ കത്ത്: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രാജി വെച്ചേക്കും
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി വച്ചേക്കും. മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് വിവാദമായ സംഭവത്തിലാണ് അദ്ദേഹം പദവിയൊഴിയാനുള്ള കളമൊരുങ്ങുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ കാണും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശരദ് പവാറും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. കൂടാതെ, പ്രതിപക്ഷമായ ബിജെപിയും അനിൽ ദേശ്മുഖിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്‍പിൽ സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പരംബീർ സിംഗിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത്.
തുടർന്നാണ് പരംബീർ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കേസിൽ സസ്‌പെൻഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടർ സച്ചിൻ വാസയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകൾ, ബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നായി എല്ലാ മാസവും 100 കോടി രൂപ കൈക്കലാക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നാണ് കത്തിലുള്ളത്. വാസയെ പോലെ നിരവധി ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രി ഇത്തരം നിർദേശം നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി.

