പ്രതിസന്ധിക്കിടയിലും ബഹ്‌റൈൻ കയറ്റുമതിയിൽ മികച്ച മുന്നേറ്റം: ആദ്യ ഏഴു മാസത്തിൽ 2.206 ശതകോടി ദിനാറിന്റെ വരുമാനം


പ്രദീപ് പുറവങ്കര

മനാമ: ഹോർമുസ് കടലിടുക്ക് അടച്ചതും വ്യോമപാതയിലുണ്ടായ തടസ്സങ്ങളും മാർച്ച് മാസത്തിൽ വിദേശവ്യാപാരത്തെ സാരമായി ബാധിച്ചെങ്കിലും, ഈ വർഷത്തെ ആദ്യ ഏഴു മാസങ്ങളിൽ ബഹ്‌റൈന്റെ മൊത്തം കയറ്റുമതി 2.206 ശതകോടി ബഹ്‌റൈൻ ദിനാറിലെത്തി. വിദേശവ്യാപാര മേഖലയിൽ നിന്നുള്ള ഔദ്യോഗിക കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

കടൽ-വ്യോമ ഗതാഗത തടസ്സങ്ങൾ മൂലം റീ-എക്സ്പോർട്ട് (മറ്റു രാജ്യങ്ങളിലേക്ക് വീണ്ടും കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾ) മേഖലയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഫെബ്രുവരിയിൽ 70.5 ദശലക്ഷം ദിനാറായിരുന്ന റീ-എക്സ്പോർട്ട് മാർച്ചിൽ 75 ശതമാനം ഇടിഞ്ഞ് 17.5 ദശലക്ഷം ദിനാറായി ചുരുങ്ങി. ഇതേ തുടർന്ന് മൊത്തം കയറ്റുമതിയിലും 32.5 ശതമാനത്തിന്റെ കുറവുണ്ടായി.

എന്നാൽ തുടർന്നുള്ള മാസങ്ങളിൽ വ്യാപാര മേഖല അതിവേഗം തിരിച്ചു വരവ് നടത്തി. ഏപ്രിലിൽ 51.6 ദശലക്ഷം ദിനാറിലേക്കും ജൂണിൽ 53.8 ദശലക്ഷം ദിനാറിലേക്കും ഉയർന്ന റീ-എക്സ്പോർട്ട്, ജൂലൈ മാസത്തിലും (53.2 ദശലക്ഷം ദിനാർ) മികച്ച നിലവാരം പുലർത്തി. മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ റീ-എക്സ്പോർട്ടിൽ മൂന്നിരട്ടിയിലധികം വർദ്ധനവാണുണ്ടായത്.

ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ബഹ്‌റൈനിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ (Goods of National Origin) തന്നെയാണ് കയറ്റുമതിയുടെ നട്ടെല്ലായി നിന്നത്. മൊത്തം കയറ്റുമതിയുടെ 83.4 ശതമാനവും (1.840 ശതകോടി ദിനാർ) തദ്ദേശീയ ഉൽപ്പന്നങ്ങളായിരുന്നു. 365.7 ദശലക്ഷം ദിനാറാണ് (16.6%) റീ-എക്സ്പോർട്ട് വിഹിതം.

വർഷത്തിന്റെ തുടക്കത്തിൽ ജനുവരിയിലാണ് ഏറ്റവും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തിയത് (412.6 ദശലക്ഷം ദിനാർ). ഫെബ്രുവരിയിൽ ഇത് 396.9 ദശലക്ഷവും ഏപ്രിലിൽ 316.6 ദശലക്ഷവും ജൂണിൽ 312.8 ദശലക്ഷവുമാകുകയും ചെയ്തു.

ബഹ്‌റൈന്റെ കയറ്റുമതി വരുമാനത്തിൽ അലുമിനിയവും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് ഒന്നാമതായി നിൽക്കുന്നത്. ജൂലൈ മാസത്തിൽ മാത്രം 110.8 ദശലക്ഷം ദിനാറിന്റെ അലുമിനിയം ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇത് ആ മാസത്തെ ദേശീയ ഉൽപ്പന്ന കയറ്റുമതിയുടെ 56 ശതമാനത്തിലധികമാണ്. സംസ്കരിച്ച ചീസ് ഉൽപ്പന്നങ്ങളാണ് (15.1 ദശലക്ഷം ദിനാർ) തൊട്ടുപിന്നിൽ.

ബഹ്‌റൈൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യം സൗദി അറേബ്യയാണ്. ജൂലൈയിൽ 64.7 ദശലക്ഷം ദിനാറിന്റെ ഉൽപ്പന്നങ്ങളാണ് സൗദിയിലേക്ക് കയറ്റി അയച്ചത്. യു.എ.ഇ (27.2 ദശലക്ഷം ദിനാർ), അമേരിക്ക (22.8 ദശലക്ഷം ദിനാർ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബഹ്‌റൈന്റെ പ്രതിമാസ കയറ്റുമതിയുടെ 58 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിലേക്കാണ് നടക്കുന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed