ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പിണറായി വിജയൻ: "എന്റെ കൈകൾ ശുദ്ധമാണ്"
ശാരിക
തിരുവനന്തപുരം: മകൾ വീണാ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഒരു തരത്തിലുള്ള ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ എന്നും ശുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വീണ തന്റെ മകളായതിനാലാണ് ഈ വിഷയത്തിൽ ഇഡി അസാധാരണ നടപടികൾ സ്വീകരിക്കുന്നത്. വലിയ സ്വത്തിന്റെ ഉടമയല്ലാത്ത വീണ അന്വേഷണങ്ങളോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി വെബ്സൈറ്റിലൂടെ വിവരങ്ങൾ നൽകുന്ന ഇഡി, ഈ വിഷയത്തിൽ പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കിയതിനെക്കുറിച്ച് ചോദ്യമുന്നയിച്ച അദ്ദേഹം ഇതിനു പിന്നിൽ മറ്റ് വിചിത്രമായ ലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചു.
വാർത്താക്കുറിപ്പിൽ 'പി. വിജയൻ' എന്നും 'മുൻ മുഖ്യമന്ത്രി' എന്നും പരാമർശിച്ചതിന്റെ കാരണം എന്താണെന്ന് ചോദിച്ച അദ്ദേഹം, തനിക്കെതിരെ ചില മാധ്യമങ്ങൾ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വ്യക്തമാക്കി. വീണയുടെ പണം ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്ത നൽകിയതിന് എന്താണ് തെളിവെന്നും പിണറായി വിജയനെതിരെ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് പിന്നാലെ ഇഡി തുടർച്ചയായി പിന്തുടരുകയാണെന്നും ഈ കൈകൾ ശുദ്ധമാണെന്നും ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ssgdsg

