അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: അഭിപ്രായ സർവേകൾ ജനഹിതം അട്ടിമറിക്കാൻ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ അനുകൂലിക്കുന്ന സർവേകളെ യുഡിഎഫിന് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേകളിൽ ന്യായമായി ലഭിക്കേണ്ട പരിഗണനപോലും പ്രതിപക്ഷത്തിനു ലഭിക്കുന്നില്ല. തെറ്റായ അഭിപ്രായ സർവേകളെ ജനം തൂത്തെറിയും. കോടിക്കണക്കിന് രൂപയാണ് സിപിഎം തെരഞ്ഞെടുപ്പിൽ ചെലവഴിക്കുന്നത്. പരസ്യത്തിനും മറ്റുമായി കോടികൾ ഒഴുക്കുന്നു. ഈ പണം എവിടെനിന്നും വരുന്നുവെന്ന് അന്വേഷിക്കണം. ഇതൊക്കെയല്ലെ ഇഡി അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല യുവതി പ്രവേശത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇടതു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ? ഈ രണ്ട് കാര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കേണ്ടത്. അതുപറയാതെ അഴകൊഴന്പൻ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സിപിഎമ്മിന് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണുള്ളത്. യുഡിഎഫ് വിശ്വാസ സമൂഹത്തോട് ഒപ്പം നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു.

