അൽ റാംലി അഗ്നിബാധ: അമ്മയുടെയും മൂന്ന് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനെ നടുക്കിയ അൽ റാംലി ഹൗസിംഗ് ഫ്ലാറ്റിലെ തീപിടുത്തത്തിൽ മരിച്ച ഇഹ്സാൻ ഷരീഫി (27), മക്കളായ നാസർ ഹസ്സൻ അൽ ഒതൈഫി (4), അഹമ്മദ് ഹസ്സൻ അൽ ഒതൈഫി (3), എട്ടുമാസം പ്രായമുള്ള മറിയം ഹസ്സൻ അൽ ഒതൈഫി എന്നിവരുടെ മൃതദേഹങ്ങൾ മനാമ ഖബറിസ്ഥാനിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനവലിയാണ് മയ്യത്ത് നമസ്കാരത്തിലും വിലാപയാത്രയിലും പങ്കെടുക്കാൻ എത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ റാംലി ഹൗസിംഗിലെ ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫ്ലാറ്റിലായിരുന്നു വൻ തീപിടുത്തമുണ്ടായത്. അപകടസമയത്ത് കുട്ടികളുടെ പിതാവ് ഹസ്സൻ അബ്ദുൽ ആൽ അൽ ഒതൈഫി വീട്ടിലുണ്ടായിരുന്നില്ല. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
സംഭവത്തിൽ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും അപകടം നടന്ന ഫ്ലാറ്റ് സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും വ്യക്തമാക്കുന്ന സാങ്കേതിക റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ ഡിഫൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടുംബത്തിന്റെ വിയോഗത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അനുശോചന പ്രവാഹമാണ് എത്തുന്നത്. ഭരണാധികാരികളും മുതിർന്ന ഉദ്യോഗസ്ഥരും ഹസ്സൻ അൽ ഒതൈഫിയെയും കുടുംബത്തെയും നേരിട്ട് അനുശോചനം അറിയിച്ചു.
xdvxv

