തമിഴ്നാട്ടിൽ വീണ്ടും പടക്കശാലയിൽ സ്ഫോടനം: 9 പേർക്ക് പരിക്ക്

ശിവകാശി: തമിഴ്നാട്ടിൽ വീണ്ടും പടക്കശാലയിൽ സ്ഫോടനം. ശിവകാശിയിലെ കെആർ പടക്കനിർമാണശാലയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. 70 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച തമിഴ്നാട്ടിലെ സത്തൂരിനു സമീപം അച്ചൻകുളം ഗ്രാമത്തിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചിരുന്നു. ശ്രീ മാരിയമ്മാൾ പടക്കനിർമാണശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കൾ കൂട്ടിക്കലർത്തുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇവരെ സത്തൂരിലെയും ശിവകാശിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.