ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി കർഷക സംഘടന

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേയുള്ള സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. നാല് മണിക്കൂറാണ് ട്രെയിൻ തടയുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാൽ വരെയാണ് ട്രെയിന്‍ തടയൽ സമരമെന്നും കർഷക നേതാക്കൾ അറിയിച്ചു.
ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു. ഡൽഹി അതിർത്തികളിൽ കഴിഞ്ഞ രണ്ട് മാസമായി കർഷകർ സമരം നടത്തിവരികയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.