പഞ്ചാബിൽ ട്രാക്ടർ റാലിക്കിടെ രണ്ട് സ്ത്രീകൾ മരിച്ചു
അമൃത്സർ: ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ നടന്ന ട്രാക്ടർ റാലിയിലും അപകടം. അമൃത്സറിൽ നടന്ന റാലിക്കിടെ ട്രാക്ടർ കയറി രണ്ട് സ്ത്രീകൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ രണ്ട് സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് പോയവരാണ് അപകടത്തിൽ മരിച്ചത്. പ്രതിഷേധ പന്തലിലേക്ക് കുടിവെള്ള ടാങ്കുമായി പോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ മൂന്ന് പേരും സ്ത്രീകളാണ്. ഇവരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാർ ട്രാക്ടർ ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക് ട്രാക്ടർ ഓടിക്കാൻ അറിയില്ലെന്നും ലൈസൻസ് ഇല്ലെന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
നേരത്തെ, റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
