മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം


ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചു വരവിന്‍റെ പാതയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ, രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി ധനമന്ത്രി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന പദ്ധതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 

ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 39.7 ലക്ഷം നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നല്‍കി. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്‍റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണം ചെയ്തുവെന്നും മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്‍റീവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. 1,000ത്തിൽ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊറ‌‌ട്ടോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.
സർക്കാർ കരാറുകാർ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു.നിലവിൽ അഞ്ച് മുതൽ 10 ശതമാനം ആയിരുന്നു. വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. സർക്കിൾ റേറ്റിനും യഥാർത്ഥ വിലയ്ക്കും ഇടയിൽ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി. രാസവള സബ്സിഡിക്കായി 65,000 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപയും അനുവദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed