തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്റെ എതിർപ്പ് തള്ളി കേന്ദ്രമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെയാണ് മന്ത്രി മറുപടിയുമായി രംഗത്തെത്തിയത്. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായി നടക്കുന്ന പ്രചരണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. വിജയിച്ച ബിഡിന്‍റെ 10 ശതമാന പരിധിക്കുള്ളില്‍ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (കെഎസ്ഐഡിസി) ബിഡ് വന്നാല്‍ വിമാനത്താവള നടത്തിപ്പ് അവര്‍ക്ക് നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കെഎസ്ഐഡിസിയും ലേലം വിജയിച്ചവരും തമ്മില്‍ 19.64 ശതമാനത്തിന്‍റെ വ്യത്യാസമുണ്ട്- മന്ത്രി ചൂണ്ടിക്കാട്ടി.
ലേലം വിജയിച്ചയാള്‍ ഒരു യാത്രക്കാരന് 168 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് ബിഡിൽ പറഞ്ഞത്. എന്നാൽ കേരളം മുന്നോട്ടുവച്ചത് ഒരു യാത്രക്കാരന് 135 രൂപവീതവും. മൂന്നാമത് എത്തിയ ബിഡ് 63 രൂപയാണ് വാഗ്ദാനം ചെയ്തത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിട്ടും കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. സുതാര്യമായ രീതിയിൽ നടപ്പിലാക്കുന്ന പ്രക്രിയയാണിതെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു. മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നൽകുന്നതിന് 2018ൽ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നതാണ്. എന്നാല്‍ ഇതിൽനിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തി പരിചയമുള്ളതിനാൽ കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കേരളം 2018ൽ നിർദേശങ്ങളും സമർപ്പിച്ചു. വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന കേരളത്തിന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു- മന്ത്രി പറഞ്ഞു. അൻപതു വർഷത്തേക്കാണ് യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കാനുള്ള അധികാരം ഉൾപ്പെടെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് പതിച്ചു നൽകിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കെഐസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിനൊപ്പം ജയ്പൂർ, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും കേന്ദ്രസർക്കാർ അദാനിക്ക് നൽകിയിരുന്നു. വിമാനത്താവ ളങ്ങളുടെ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനത്തിന് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്‌സർ, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇൻഡോർ, ഛത്തിസ്ഗഡിലെ റായ്പുർ എന്നീ വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ട സ്വകാര്യവത്കരണത്തിൽ ഉൾപ്പെടുത്തിട്ടുള്ളത്.

