ഹജ്ജിന് പണമടച്ച ഇന്ത്യക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിച്ച ഇന്ത്യക്കാർക്ക് മുഴുവൻ പണവും തിരിച്ചു നൽകും. തീർത്ഥാടകരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി അറിയിച്ചു. ഹജ്ജിന് അപേക്ഷിച്ച 2.3 ലക്ഷത്തിലധികം ഇന്ത്യൻ തീർത്ഥാടകർക്കാണ് ഇത്തരത്തിൽ മുഴുവൻ പണവും തിരികെ നൽകുന്നത്.
ആഭ്യന്തര തീർത്ഥാടകരായ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇത്തവണത്തെ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഹജ്ജിന് പോകുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ഹജ്ജിനു ശേഷം തീർത്ഥാടകർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഹജ്ജ് സീസണിലേക്ക് മെഡിക്കൽ പ്രോട്ടാക്കോളുകൾ വികസിപ്പിക്കും. ഏത് അടിയന്തിരഘട്ടം തരണം ചെയ്യാനും സന്പൂർണ ആശുപത്രി ഒരുക്കുമെന്നും സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഹജ്ജിന് അവസരം 65 വയസിന് താഴെ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കും അവസരമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

