ചൈന പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുന്നത് എന്തുകൊണ്ട്?; ചോദ്യം രാഹുലിന്റേത്
ന്യൂഡൽഹി: ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടും ഇന്ത്യയുടെ ഭൂമി കൈയേറിയിട്ടും ചൈന എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലും ചൈനീസ് മാധ്യമങ്ങൾ മോദിയെ പുകഴ്ത്തുന്നതു സംബന്ധിച്ച റിപ്പോർട്ട് പങ്കുവച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഇതാദ്യമായല്ല രാഹുൽ വിമർശനം ഉന്നയിക്കുന്നത്. നരേന്ദ്ര മോദി യഥാർത്ഥത്തിൽ "സറണ്ടർ മോദി’യാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ പരിഹസിച്ചിരുന്നു.
ചൈന വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള അന്തർദേശീയ മാധ്യമത്തിന്‍റെ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പ്രതികരണം. ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്കു മുന്നിൽ അടിയറവച്ചെന്ന് നേരത്തെ രാഹുൽ വിമർശിച്ചിരുന്നു. ഇന്ത്യൻ മണ്ണിൽ ആരും കടന്നുകയറിയിട്ടില്ലെന്നു സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെയും രാഹുലും പ്രതിപക്ഷവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

