ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി: ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ലോകമെന്പാടുമുള്ള അംഗീകൃത കോളേജുകളിലെയും സർവ്‍വകലാശാലകളിലെയും ഉന്നത പഠനത്തിനായി ബാങ്ക് ഉപയോക്താക്കൾക്ക് സ്വന്തമായോ അവരുടെ കുട്ടികൾക്കോ സഹോദരങ്ങൾക്കോ പേരകുട്ടികൾക്കോ വേണ്ടി ലോണിന് അപേക്ഷിക്കാം.
സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും.അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പത്തുലക്ഷം മുതൽ ഒരു കോടി രൂപ വരെയും ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് പത്തു മുതൽ 50 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പ തുക, തിരിച്ചടവ് കാലാവധി, കോളേജിന്റെ/സർവ്‍വകലാശാലയുടെ പേര്, പഠന ചെലവ്, വിദ്യാർത്‍ഥിയുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയ ശേഷം ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കൾക്ക് വായ്പാ തുകയും പത്തു വർഷം വരെ ഓപ്ഷനുള്ള തിരിച്ചടവ് കാലാവധിയും തെരഞ്ഞെടുക്കാം.
നിയുക്ത റിലേഷൻഷിപ്പ് മാനേജരുടെ വിശദാംശങ്ങൾക്കൊപ്പം താൽക്കാലിക വായ്പ അനുമതി കത്ത് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം സ്ഥിരീകരിക്കുന്നതിന് അപേക്ഷകർക്ക് ബാങ്കിൽ നിന്ന് ലഭിക്കുന്ന വായ്പ അനുമതി കത്ത് നൽകാം. ആവശ്യമായ രേഖകൾ ശേഖരിച്ച ശേഷം ബാങ്ക് വായ്പ തുക വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭ്യമാക്കും. രേഖകൾ സമർപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചും സന്ദർശിക്കാം.

