രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല: 24 മണിക്കൂറിനിടെ 14933 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ 14933 പേർക്ക് രോഗം ബാധിച്ചു. രാജ്യത്ത് ഇതുവരെ 440215 പേരാണ് രോഗബാധിതരായത്. 312 പേരാണ് ഇന്നലെ മാത്രം രോഗബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി ഉയർന്നു. 1,78,014 ആളുകൾ ചികിത്സയിലുണ്ട്. അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 37 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകൾ 62,087 ആയി ഉയർന്നു. മരണം 794 ആയി. 27,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ കൂടുതൽ ജില്ലകളിൽ സന്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയും വെല്ലൂർ, റാണിപേട്ട് ജില്ലകളും പൂർണ്ണമായി അടച്ചിടും. മഹാരാഷ്ട്രയിൽ പുതുതായി 3721 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം കടന്നു. ആകെ മരണം 6283 ആയി.

