സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗർഭിണിയായ പശു ചത്തു

കൊൽക്കത്ത: ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗർഭിണിയായ പശു ചത്തു. ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പശുവിന്റെ ഉടമയുടെ പരാതിയിലാണ് കേസ്. ബിലാസ്പൂരിൽ പത്തുദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പശുവിന്റ വായയും താടിയെല്ലും തകർന്നിരുന്നു. എന്നാൽ കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതിന് പിന്നാലെയാണ് ഈ സംഭവവും പുറംലോകം അറിഞ്ഞത്.
ഗുർഡ്യാൽ സിങ് എന്ന വ്യക്തിയുടെ പശുവാണ് ആക്രമത്തിന് ഇരയായത്. വായ പൂർണമായും തകർന്നതോടെ പശുവിന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഉടമ പറയുന്നു. വന്യമൃഗങ്ങൾക്കായി വച്ച കെണിയിൽ പശു പെട്ടതാണെന്നാണ് സൂചനയുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ വൻ വിവാദങ്ങളും അന്വേഷണവും ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചന. ഒളിവിൽ പോയ ഇവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വിൽസനെ ഇന്നലെ പട്ടാമ്പി കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.