മരട് ഫ്ലാറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ നഗരസഭ ഗുരുതര വീഴ്ച വരുത്തിയതായി മലിനീകര നിയന്ത്രണ ബോർഡ്

കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മരട് നഗരസഭ ഗുരുതര വീഴ്ച വരുത്തിയെന്നാണ് മലിനീകര നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം ഇതുവരെ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ല.
സമീപത്തുള്ള കായലിലേക്ക് പതിച്ച മാലിന്യം നീക്കം ചെയ്യണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങള്‍ പാലിച്ചില്ലെന്നും നഗരസഭയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
മരടിൽ പൊളിച്ച മാലിന്യങ്ങൾ പരിസ്ഥിതിക്ക് കോട്ടം വരുത്തിയാൽ നഗരസഭയ്ക്ക് പിഴ ചുമത്തണമെന്നും റിപ്പോർട്ടിലുണ്ട്. സമയബന്ധിതമായി മാലിന്യം നീക്കം ചെയ്യാൻ നഗരസഭയ്ക്കായിട്ടില്ലെന്നും മാലിന്യസംസ്കരണം സംബന്ധിച്ച് കൃത്യമായ പദ്ധതി പോലും ആവിഷ്കരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് നടപടിയെടുക്കേണ്ടത്.