ലോക്ക്ഡൗണിൽനിന്ന് രാജ്യം തുറക്കുന്പോൾ അതീവ ശ്രദ്ധ വേണം

ന്യൂഡൽഹി: കോവിഡ് ഭീഷണിയെ ജനപിന്തുണയോടെ രാജ്യം നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളാണ് പോരാട്ടം നയിക്കുന്നതെന്നും വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിൽനിന്ന് രാജ്യം തുറക്കുന്പോൾ നാം ശ്രദ്ധയോടെ വേണം മുന്നോട്ടു പോകാൻ. രാജ്യത്ത് വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരികയാണ്. സന്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം സജീവമായി. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ടെന്നും പ്രധാനമന്ത്രി വിശദമാക്കി.
മറ്റുരാഷ്ട്രങ്ങളേക്കാൾ പതിന്മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യ വ്യത്യസ്തമായ ഭീഷണിയാണ് നേരിടുന്നത്. തൊഴിലാളികളെയും പാവപ്പെട്ടവരെയുമാണ് ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്നും കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന റെയിൽവേ ജീവനക്കാരെ നമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തും. ഇന്ത്യൻ ലാബുകളിലെ കോവിഡ് വാക്സിൻ പരീക്ഷണം ലോകം ഉറ്റുനോക്കുകയാണ്. ലോകത്തെ മറ്റിടങ്ങളിൽ ഉള്ളതുപോലെ ഇന്ത്യയിൽ കോവിഡ് വ്യാപനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഇറക്കുമതി കുറച്ച് തദ്ദേശീയമായ ആഗോള ബ്രാൻഡുകൾ വികസിപ്പിക്കും. യോഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കണം. ഹരിദ്വാർ മുതൽ ഹോളിവുഡ് വരെ ഇവ പരിശീലിക്കുന്നുണ്ട്. ആയുഷ്മാൻ ഭാരതിൽ ഒരു കോടി കുടുംബങ്ങൾ പങ്കാളികളായതായും ഇതിൽ 80 ശതമാനവും ഗ്രാമങ്ങളിൽനിന്നാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.