ലോക്ക്ഡൗൺ ; നാട്ടിലേക്ക് നടന്നുപോയ കുടിയേറ്റ തൊഴിലാളികൾ തളർന്ന് വീണ് മരിച്ചു


ഭോപ്പാൽ: ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങിയ മൂന്ന് കുടിയേറ്റ തൊഴിലാളികൾ തളർന്ന് വീണ് മരിച്ചു. മഹാരാഷ്ട്രയിൽനിന്ന് ഉത്തർപ്രദേശിലേക്ക് നടന്നുപോയ തൊഴിലാളികളുടെ സംഘത്തിലെ മൂന്നു പേരാണ് മരിച്ചത്. ശനിയാഴ്ച മധ്യപ്രദേശിലെ ബർവാനി ജില്ലയിലായിരുന്നു സംഭവം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. വേനൽക്കാലത്തെ ചൂട് മൂലം ഉണ്ടായ തളർച്ചയും നിർജ്ജലീകരണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. 

പ്രയാഗാരാജ് ചുദിയ സ്വദേശി ലല്ലുറാം (55), സിദ്ധാർഥ് നഗർ സ്വദേശി പ്രേം ബഹദൂർ (50), ഫത്തേപുർ ഹർദാസ് ഗിർജ സ്വദേശി അനീസ് അഹമ്മദ് (42) എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് കാൽനടയായി പുറപ്പെട്ടത്. ചരക്ക് വാഹനങ്ങളിൽ കയറിയിറങ്ങിയാണ് ഇവർ സഞ്ചരിച്ചത്. മധ്യപ്രദേശ്-മഹാരാഷ്ട്ര അതിർത്തിയിലെ സെന്ദ്‌വയിലെത്തിയപ്പോൾ സംഘത്തിലെ പലരുടേയും ആരോഗ്യം മോശമായി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മൂന്നുപേരെയും സഹയാത്രികർ പോലീസ് വാഹനങ്ങളുടെ സഹായത്തോടെ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed