പാസില്ലാതെ അതിർത്തി ചെക്ക്പോസ്റ്റ് വഴി ആരെയും കേരളത്തിലേക്ക് കടത്തിവിടില്ല
കൊച്ചി: പാസില്ലാതെ അതിർത്തി ചെക്ക്പോസ്റ്റ് വഴി ആരെയും കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിയന്ത്രണം ഇല്ലാതെ ആളുകളെ അതിർത്തി കടത്തിവിടാനാവില്ല. അങ്ങനെവന്നാൽ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെടും. നിരീക്ഷണം കുറഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിലവിൽ അതിർത്തിയിൽ ഉള്ളവർക്ക് പാസ് നൽകും. എന്നാൽ ഇനി എത്തുന്നവർ പാസുമായി എത്തിയാൽ മാത്രമേ അതിർത്തി കടക്കാൻ കഴിയൂ. വന്ന പലർക്കും അന്യസംസ്ഥാനങ്ങളിലെ പാസ് പോലും ഇല്ല. ഇവർക്ക് അതിർത്തിയിൽ താമസസൗകര്യവും നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു.
ഓരോ ദിവസവും നൽകുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.04 ലക്ഷം പേർ പാസിന് അപേക്ഷിച്ചിട്ടുണ്ട്. 53,000 പേർക്ക് പാസ് നൽകി. അടിയന്തര ആവശ്യങ്ങൾക്കും സ്ഥിരം യാത്രക്കാർക്കും സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

