കൊവിഡ് കേസുകളിൽ 60 ശതമാനവും രാജ്യത്തെ എട്ടു നഗരങ്ങളിൽ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 60 ശതമാനവും എട്ടു നഗരങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, താനെ, ഇൻഡോർ, ചെന്നൈ, ജയ്പൂർ എന്നീ നഗരങ്ങളിലാണ് കോവിഡ് പടർന്നു പിടിച്ചിരിക്കുന്നത്. ഇതിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് 41 ശതമാനം കേസുകളും. ഇന്ത്യയിൽ കോവിഡ് മൂലം അതിഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എങ്കിലും ഏതു സാഹചര്യത്തെ നേരിടുന്നതിനുമുള്ള തയാറെടുപ്പുകൾ നാം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 3.3 ശതമാനത്തിൽ തുടരുകയാണ്. രോഗമുക്തരാകുന്നവരുടെ നിരക്ക് 29.9 ശതമാനത്തിലെത്തി. നല്ല സൂചനകളാണ് ഇവ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികൾക്ക് മാത്രമായി 843 ആശുപത്രികൾ തയാറാക്കിയിട്ടുണ്ട്. കൂടാതെ 1,999 ആരോഗ്യകേന്ദ്രങ്ങളിലായ് 1,35,643 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളുമായ് ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരികയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

