മുഖ്യമന്ത്രി പദം ലക്ഷ്യം; ശിവസേന നിലപാട് കടുപ്പിച്ചതോടെ ബി.ജെ.പി പ്രതിസന്ധിയിൽ
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടണമെന്ന് ശിവസേന നിലപാട് കടുപ്പിച്ചതോടെ ബി.ജെ.പി പ്രതിസന്ധിയിൽ. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ നീക്കം നടത്തണമെന്ന് കോൺഗ്രസിന് അഭിപ്രായമുണ്ട്. എന്നാൽ ശിവസേനയുമായി കൈകോർക്കേണ്ടെന്ന് ശരത് പവാർ നിലപാട് എടുത്തതോടെ പ്രതിപക്ഷ നിരയിലും ആശയക്കുഴപ്പമാണ്. 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് കിട്ടിയത് 105 സീറ്റ്. ശിവസേനയ്ക്ക് 56. പ്രതിപക്ഷത്ത് എൻസിപി 54 കോൺഗ്രസ് 44. നിലവില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാൽ മുഖ്യമന്ത്രിപദം രണ്ടരവർഷം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യമാണ് ദേവേന്ദ്ര ഫട്നാവിസിന് മുന്നിലെ പ്രതിസന്ധി. ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മുംബൈയിലെ വർളിയിൽ ശിവസേന പ്രവര്‍ത്തകര്‍ കൂറ്റന്‍ ഫ്ളക്സ് ഉയര്‍ത്തി കഴിഞ്ഞു. ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എം.എൽ.എമാരെ തന്‍റെ വസതിയായ മാതോശ്രീയിലേക്ക് വിളിച്ച് ചർച്ച നടത്തുന്നുണ്ട്.

