കർണാടകയിൽ ഹൂബ്ലി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ഒരാൾക്കു പരിക്കേറ്റു
ബംഗളൂരു: വടക്കൻ കർണാടകയിൽ ഹൂബ്ലി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. റെയിൽവേ സ്റ്റേഷനിലെത്തിയ ഉടമസ്ഥനില്ലാത്ത പാഴ്സൽ ഒരാൾ എടുത്തപ്പോഴാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റെന്നും സമീപത്തെ ഗ്ലാസ് തകർന്നെന്നും പോലീസ് അറിയിച്ചു.
റെയിൽവേ സ്റ്റേഷന്‍റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സ്ഫോടനം നടന്നത്. ചെറിയ സ്ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്ലാറ്റ്ഫോം നിയന്ത്രണത്തിലാക്കിയ ശേഷം പോലീസ് വിശദമായ പരിശോധന നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേ ഹെഡ്‌ക്വാർട്ടേഴ്സാണ് ഹൂബ്ലി.

