ഉന്നാവോ പെൺകുട്ടിയെ എയിംസിലേക്ക് മാറ്റണം: സുപ്രീംകോടതി
ന്യൂഡൽഹി: ഉന്നാവോ കേസിലെ പെൺകുട്ടിയ രാജ്യതലസ്ഥാനത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ്. തുടർ ചികിത്സകൾക്കായി പെൺകുട്ടിയെ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്ന് എയിംസിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവ്. അതിനിടെ, വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെയും അഭിഭാഷകന്‍റെയും ആരോഗ്യനില ഗുരതരമായി തുടരുകയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിനിൽ അഭിഭാഷകൻ വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയെന്നും പക്ഷേ അദ്ദേഹം കോമയിലാണെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെയും പെൺകുട്ടിയെ ലക്നോവിൽ നിന്ന് ഡൽഹിയിലേക്ക് വിദഗ്ധ ചികിത്സകൾക്കായി മാറ്റണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം ലക്നോവിൽ തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

