ലഡാക്കും ജമ്മു കശ്മീരും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാകും
ന്യുഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള പ്രമേയമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മു കശ്മീരിനെ വിജഭിച്ചു. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ഡല്‍ഹി, പുതുച്ചേരി, ഗോവ എന്നിവയ്ക്കു സമാനമായ ഭരണമായിരിക്കും ഇവിടെ വരിക. ലഡാക്ക് നിയമസഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും ഇവിടെ ഭരണം.
ലഡാക്കിലെ ജനതയുടെ വളരെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് വിഭജനമെന്ന് അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ലഡാക്ക് വളരെ വലിയ ഭൂപ്രകൃതിയാണ്. വളരെ ബുദ്ധിമുട്ടുള്ള ഭൂപ്രകൃതിയുള്ള അവിടെ ജനസംഖ്യ വളരെ കുറവുമാണ്. പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണമെന്നത് ലഡാക്കിലെ ജനതയുടെ ആവശ്യമായിരുന്നു. അതുപ്രകാരം നിയമസഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കിനെ മാറ്റിയെന്ന് ഉത്തരവിന്റെ ആദ്യഭാഗത്ത് പറയുന്നു.
ജമ്മു കശ്മീര്‍ നേരിടുന്ന ആഭ്യന്തര സുരക്ഷ പ്രശ്‌നങ്ങളും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും പരിഗണിച്ച് ജമ്മു കശ്മീര്‍ മേഖലയെ വിഭജിച്ച് നിയമസഭയുള്ള പ്രത്യേക കേന്ദ്ര ഭരണ പ്രദേശമാക്കി നിലനിര്‍ത്തുമെന്നും ഉത്തരവില്‍ പറയുന്നൂ.
കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്നത് ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതു ചെയ്യണമെന്നും അമിത് ഷാ വ്യക്തമാക്കി.

