കശ്മീരില്‍ സ്ഥിതി രൂക്ഷം; പ്രമുഖ നേതാക്കള്‍ വീട്ടു തടങ്കലില്‍
ശ്രീനഗര്‍: തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ കശ്മീരില്‍ സ്ഥിതി രൂക്ഷമാകുന്നു. പ്രമുഖരാഷ്ട്രീയ നേതാക്കളായ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദ്, സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. പല സ്ഥലങ്ങളിലും മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ ബ്ലോക്ക് ചെയ്യുകയും റാലികള്‍ക്കും യോഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ മാറ്റിവെച്ചു. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. രജൗരി, ഉധംപൂര്‍ ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം കശ്മീരിലെ ഒരു പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി.

