പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താന് പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍
വാഷിങ്ടൺ: പുൽവാമ ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും തദ്ദേശീയനായ യുവാവാണ് ആക്രമണം നടത്തിയതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയിലും ജെയ്ഷെ മുഹമ്മദ് പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പ്രസ്താവനയിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് കശ്മീരിലും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുൽവാമ ആക്രമണം പ്രാദേശിക വിഷയമാണ്. ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ മൂലം തീവ്രവാദത്തിലേയ്ക്കു തിരിഞ്ഞ കശ്മീരി യുവാവാണ് ആക്രമണം നടത്തിയത്. എന്നാൽ പാകിസ്താനുനേരെയാണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടായതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം വൈകാതെ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാൽ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും ഇതിൽ പാകിസ്താന് പങ്കില്ലെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് അമേരിക്കയിൽ ഇമ്രാൻ ഖാൻ നടത്തിയത്.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ പാകിസ്താന് യാതൊരു പങ്കുമുണ്ടായിരുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അൽ ഖ്വയ്ദ അഫ്ഗാനിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകര സംഘടനയാണ്. പാകിസ്താനിൽ താലിബാൻ ഇല്ല. എന്നിട്ടും ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം പാകിസ്താൻ പ്രവർത്തിച്ചു. നിർഭാഗ്യവശാൽ, കാര്യങ്ങൾ വഷളായി. അതുകൊണ്ടുതന്നെ പാകിസ്താനിലെ യഥാർഥ സാഹചര്യം വെളിപ്പെടുത്താൻ അന്ന് പാകിസ്താന് സാധിച്ചില്ല.

