കര്‍ണാടകയിലെ കൂട്ടരാജി; സംസ്ഥാന സര്‍ക്കാരിന് ഭീഷണിയല്ലെന്ന് സിദ്ധരാമയ്യ


ബംഗളൂരു: കര്‍ണാടകയില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഭീഷണിയല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ. നിലവിലെ പ്രതിസന്ധിക്ക് കാരണം ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.
'ബി.ജെ.പിയാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തമാണ്. ഓപ്പറേഷന്‍ താമരയാണ് ഇത്... എല്ലാം നല്ലതായി പോകുന്നു, പേടിക്കേണ്ടതില്ല. സര്‍ക്കാര്‍ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല.'
കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് പാര്‍ട്ടികളില്‍ നിന്നും എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലാത്. എട്ട് കോണ്‍ഗ്രസ്സ് എം.എല്‍.എമാകും മൂന്നു ജെ.ഡി.എസ് എംഎല്‍എമാരുമാണ് ശനിയാഴ്ച ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ രാമലിംഗ റെഡ്ഡി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവരടങ്ങുന്ന എം.എല്‍.എമാരാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്. എം.എല്‍.എമാരില്‍ പത്തു പേരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബി.ജെ.പി എം.എല്‍.എമാരായ അശ്വത് നാരായണ്‍, അരവിന്ദ് ലിംബാവലി എന്നിവരുമുണ്ടെന്നാണ് സൂചന.
രാജിയ്ക്കു പിന്നില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എം.എല്‍.എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിയ്ക്കുന്നില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടെയാണ് എം.എല്‍.എമാരെ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിരിക്കുന്നത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed