പച്ചക്കറി വാങ്ങാൻ കാശ് ചോദിച്ച ഭാര്യയെ മർദിച്ച് മുത്തലാഖ് ചൊല്ലി


ന്യൂഡൽഹി:ഗ്രേറ്റർ നോയിഡയിലെ ദാദ്രിയിൽ പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ചതിനു ഭാര്യയെ മർദിച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി. സ്ക്രൂ ഡ്രൈവർ കൊണ്ടു ഭർത്താവ് ആക്രമിക്കുകയും ഭർതൃവീട്ടുകാർ അടിക്കുകയും ചെയ്തെന്നും മുപ്പതുകാരി സൈനബ പരാതിപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് ഭർത്താവ് സാബിർ, സഹോദരങ്ങളായ സാക്കിർ, ഇദ്രിസ്, സമ, അമ്മായിഅമ്മ നജോ എന്നിവർ മർദിച്ചു. വൈദ്യുതാഘാതവും ഏൽപ്പിച്ചു. പിന്നാലെ മൂന്നു വട്ടം തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപെടുത്തി. മുഖത്തടിച്ച് വീട്ടിൽനിന്നു പുറത്താക്കി’– സൈനബ പറഞ്ഞു. ഒരു കിലോമീറ്റർ അകലെ താമസിക്കുന്ന വീട്ടുകാർ എത്തി സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതിയും നൽകി.
നേരത്തേയും സാബിറിന്റെ കുടുംബം ഉപ്രദവിച്ചിട്ടുള്ളതായി സൈനബയും കുടുംബവും ആരോപിച്ചു. ഒരിക്കൽ കമ്മൽ കൊടുക്കാത്തതിനു അമ്മായിഅമ്മ നിരവധി തവണ അടിച്ചു. അയൽക്കാരെ വീടിനകത്തേക്കു കയറ്റാൻ സമ്മതിച്ചിരുന്നില്ലെന്നും സൈനബയുടെ പിതാവ് മുർസലീം പറഞ്ഞു. വടികൊണ്ടു സാബിർ സൈനബയുടെ തലയ്ക്കടിച്ചിട്ടുണ്ടെന്നും മുർസലീം ആരോപിച്ചു.
കുറച്ചുദിവസം മുൻപ് അസുഖം ബാധിച്ചപ്പോൾ സൈനബയെ വീട്ടിൽ കൊണ്ടാക്കിയ സാബിർ, തനിക്ക് വിവാഹമോചനം വേണമെന്നു വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും മുർസലീം പറഞ്ഞു. ‌ഇന്ത്യൻ ശിക്ഷാനിയമം 498–എ, 504, 506 വകുപ്പുകൾ പ്രകാരം കേസെടുത്ത് സാബിറിനെ അറസ്റ്റ് ചെയ്തു. സാബിർ ജാമ്യത്തിൽ ഇറങ്ങിയെന്നും മറ്റു പ്രതികൾ ഒളിവിലാണെന്നും ദാദ്രി സ്റ്റേഷൻ എസ്എച്ച്ഒ നീരജ് മാലിക് അറിയിച്ചു. വൈദ്യുതാഘാതം ഏൽപ്പിച്ചെന്ന ആരോപണം തെറ്റാണെന്നാണു മെഡിക്കൽ പരിശോധനാഫലമെന്നും റിപ്പോർട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed