പഞ്ചാബിൽ 2,700 കോടി രൂപയുടെ ഹെറോയിൻ പിടിച്ചു


അമൃത്സർ: പഞ്ചാബിൽ വൻ ലഹരിമരുന്നു വേട്ട. 2,700 കോടി രൂപയുടെ 532 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചു. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് അത്താരി അതിർത്തിയിലെ വ്യാവസായിക ഇടനാഴിവഴി ട്രക്കിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ ആണ് പിടിച്ചത്. ലഹരിമരുന്ന് കടത്തിന്‍റെ സൂത്രധാരനായ കാഷ്മീർ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അമൃത്സർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപ്പ് ഇറക്കുമതി വ്യാപാരിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കല്ല് ഉപ്പ് പാക്കറ്റുകളിലാക്കിയാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ഇവയ്ക്കൊപ്പം 52 കിലോ മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തു.
ലഹരിവസ്തുക്കൾ നിറച്ച ട്രക്ക് സംയോജിത ചെക്പോസ്റ്റുവഴിയാണ് അത്താരിയിൽ എത്തിയത്. കാഷ്മീരിലെ ഹന്ദ്‌വാര സ്വദേശി താരീഖ് അഹമ്മദാണ് മയക്കുമരുന്ന് കടത്തിന്‍റെ സൂത്രധാരൻ. ഇയാളെ കാഷ്മീർ പോലീസിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ് കമ്മീഷണർ ദിപക് കുമാർ ഗുപ്ത പറഞ്ഞു. കല്ല് ഉപ്പ് ഇറക്കുമതിക്കാരനെ ചോദ്യം ചെയ്തുവരികയാണെന്നും ഗുപ്ത അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed