ഇനിയും വേദന സഹിക്കാന്‍ വയ്യ. എന്റെ കൈകള്‍ മുറിച്ചു കളഞ്ഞേക്കൂ; ട്രീമാന്‍


ധാക്ക: മരക്കൊമ്പുകള്‍ പോലെ കൈകള്‍ വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച ബംഗ്ലാദേശുകാരനായ അബുള്‍ ബജന്ദറിന്റെ ശരീരത്തില്‍ ഇതിനോടകം 25 ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ രോഗം തിരികെ എത്തി. ബജന്ദറിന് ഇനിയും വേദന സഹിക്കാന്‍ വയ്യ. അതിനാല്‍ തന്റെ കൈകള്‍ മുറിച്ചുകളയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
'ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കൈകള്‍ മുറിച്ചു കളയുമോ എന്ന് ഡോക്ടര്‍മാരോട് ഞാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോയെന്ന് ബജന്ദര്‍ പറഞ്ഞു. മാതാവ് ആമിന ബീബിയും മകന്റെ വാക്കുകളെ പിന്തുണക്കുയാണ്. അങ്ങനെയെങ്കിലും തന്റെ മകന് വേനയില്ലാതെ കഴിയാമല്ലോ എന്നാണ് ആ അമ്മയും പറയുന്നത്.
വിദേശത്ത് പോയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അവിടെയും പണം പ്രശ്‌നമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ചിലവില്‍ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2016 മുതല്‍ ഇതുവരെ 25 ശസ്ത്രക്രിയകളാണ് ഇത്തരത്തില്‍ വളരുന്ന അരിമ്പാറ നീക്കം ചെയ്യാനായി ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി നടത്തിയത്. രോഗം ഭേദമായെന്ന് ഡോക്ടര്‍മാരും വിശ്വസിച്ചിരിക്കെയാണ് വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ രോഗം തിരികെ എത്തിയത്. ഇതോടെ വേദന സഹിക്കാനാവാതെ ബജന്ദറിനെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. 2017ല്‍ ഇതേ രോഗമുള്ള ഒരു പെണ്‍കുട്ടിയെ ബംഗ്ലാദേശില്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു. ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറവളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed