അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതായി റിപ്പോർട്ട്
ന്യൂഡൽഹി: വടക്കു കിഴക്കൻ അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതായി റിപ്പോർട്ട്. മണിപ്പുർ, ആസാം, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരേ മേയ് 16 മുതൽ നടപടികൾ നടത്തുന്നു എന്നാണു പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. മ്യാൻമർ സൈന്യങ്ങൾ സംയുക്തമായി സൈനിക നടപടികൾ നടത്തിയതായി റിപ്പോർട്ട്. 1640 കിലോമീറ്റർ അതിർത്തി പങ്കിടുന്ന, ഇന്ത്യക്ക് തന്ത്രപരമായി പ്രാധാന്യമുള്ള അയൽക്കാരാണ് മ്യാൻമർ. നാഗാലാൻഡ്, മണിപ്പുർ അടക്കം ഒന്പത് ഇന്ത്യൻ സ്ഥോനങ്ങളുമായി മ്യാൻമർ അതിർത്തി പങ്കിടുന്നു. ഓപ്പറേഷൻ സൺറൈസ് എന്നു പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്‍റെ ആദ്യഘട്ടം മൂന്നു മാസം മുന്പ് ഇന്ത്യ−മ്യാൻമർ അതിർത്തിയിലാണു നടന്നത്. ഇവിടെ നിരവധി തീവ്രവാദ ക്യാന്പുകൾ നശിപ്പിച്ചതായാണു പറയുന്നത്. ഓപ്പറേഷൻ സണ്‍റൈസിന്‍റെ രണ്ടാം ഘട്ടത്തിൽ കാംതാപുർ ലിബറേഷൻ ഓർഗനൈസേഷൻ (കഐൽഒ), എൻ.എസ് സി.എൻ (ഖാപ്ലാംഗ്), യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് എന്നീ തീവ്രസംഘടനകളെയാണ് സൈന്യം ലക്ഷ്യമിട്ടത്. ഈ ഓപ്പറേഷണൽ ഈ ഗ്രൂപ്പുകളുടെ ഭാഗമായ 72 തീവ്രവാദികൾ അറസ്റ്റിലായെന്നും ഇവരുടെ ക്യാന്പുകൾ തകർത്തെന്നും പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ഇന്‍റലിജൻസ് വൃത്തങ്ങൾ നൽക്കുന്ന വിവരങ്ങളുടെയും പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുത്തു മാത്രമേ സൈന്യം മൂന്നാംഘട്ട നടപടികൾ ആരംഭിക്കൂ എന്നാണു റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യത്തിനു പുറമേ ആസാം റൈഫിൾസും ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്. 2015 ജൂണിൽ എൻ.എസ്.സി.എൻ (ഖാപ്ലാംഗ്) തീവ്രാവാദികൾക്കു നേരെ ഇന്ത്യൻ സൈന്യം നടപടി സംഘടിപ്പിച്ചിരുന്നു. മണിപ്പൂരിൽ 18 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.

