ശക്തമായ പൊടിക്കാറ്റ്: ഡൽഹിയിൽ വിമാനത്താവളം അടച്ചു


ന്യൂഡൽഹി: രൂക്ഷമായ പൊടിക്കാറ്റ് മൂലം ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളം അടച്ചു. ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രൂപപ്പെട്ട പൊടിക്കാറ്റ് ജന ജീവിതത്തെ ബാധിച്ചതായി വിലയിരുത്തൽ. പൊടിക്കാറ്റ് മൂലം അന്തരീക്ഷം മൂടപ്പെട്ട അവസ്ഥയായതിനാൽ യാത്രക്കാരും ജനങ്ങളും ദുരിതത്തിലായി. കാഴ്ച മറയ്ക്കുന്ന തരത്തിലാണു പൊടിക്കാറ്റ് വീശുന്നത്. പൊടിക്കാറ്റ് മൂലം വാഹനങ്ങളോടിക്കുന്നവർക്ക് ദൂരക്കാഴ്ചക്ക് തടസ്സം നേരിടുന്നു. കാറ്റ് രൂക്ഷമായതോടെ ചൂടിനു കുറവുണ്ട്. ബുധനാഴ്ച വൈകിട്ട് 6.30ന് 40 ഡിഗ്രി ചൂടുണ്ടായിരുന്നത് ഏഴോടെ 33 ഡിഗ്രിയായി. തിങ്കളാഴ്ച 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്.

വായു ചുഴലിക്കാറ്റിന്റെ ആഘാതമാണ് പൊടിക്കാറ്റു വീശുന്നതിനും ചൂടു കുറയുന്നതിനും കാരണമായതെന്നു കരുതുന്നു. ഗുജറാത്തിലും ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധ സോമനാഥ ക്ഷേത്രത്തിനു സമീപത്താണ് പൊടിക്കാറ്റ് രൂക്ഷം. വായു ഗുജറാത്തിൽ വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed